10-November-2023 -
By. news desk
കൊച്ചി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടായെങ്കില്‍ മാത്രമേ കേരളത്തിലെ വിദ്യാഭ്യാസ രംഗം രക്ഷപ്പെടുകയുള്ളുവെന്ന് മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍. അന്താരാഷ്ട്രം എന്ന വാക്ക് തന്നെ കേരളത്തില്‍ വളരെ മോശമായി കരുതിയിരുന്നു. ബിരുദം നേടാന്‍ ഏറെക്കാലം കാത്തിരിക്കേണ്ട സ്ഥിതി കേരളത്തിലുണ്ട്. ഒട്ടേറെ എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചു പൂട്ടി. കുടിയേറ്റം ആഗോള പ്രതിഭാസമാണ്. മികച്ച വരുമാനം നേടുന്നതിനായി യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് തടയാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.
ഫിക്കി സമ്മേളനത്തില്‍ വിദ്യാഭ്യാസം, കല എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രുതി, സ്മൃതി, സിദ്ധി, ബുദ്ധി എന്നിവയാണ് കലാപഠനത്തിനായി ആവശ്യമുള്ള നാല് ഘടകങ്ങളെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കണം. വിദ്യാഭ്യാസ കലാ രംഗങ്ങളില്‍ കേരളത്തിന് തനതായ സ്ഥാനമുണ്ട്. ഇതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സപ്നു ജോര്‍ജ് മോഡറേറ്ററായിരുന്നു. പ്രൊഫ. സൗവിക് ഭട്ടാചാര്യ, പ്രൊഫ. എസ്. വെങ്കട്ടരാമന്‍, എ.ഗോപലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.